ജയ് ഹനുമാൻ.....

#ഹനുമാൻപുരാണം

അദ്ധ്യായം 1

ഭാഗം: 10

" അതുലിതബലധാമം ഹേമശൈലാഭദേഹം
ദനുജവനകൃശാനും ജ്ഞാനിനാമഗ്രഗണ്യം
സകലഗുണനിധാനം വാനരാണാമധീശം
രഘുപതിപ്രിയഭക്തം വാതജാതം നമാമി "

(1)
ബാലഹനുമാന്റെ വിദ്യാഭ്യാസം

വായുഭഗവാന്റെ അനുവാദത്തോടുകൂടി ബാലഹനുമാനെ അക്ഷരാഭ്യാസവും , ആയുധാഭ്യാസവും പഠിപ്പിക്കുവാൻ വീരകേസരിയും , അഞ്ജനയും തീരുമാനിച്ചു . ആരെയാണ് ഗുരുനാഥനായി സ്വീകരിക്കേണ്ടത് ?

(2)
പിതാവായ വീരകേസരിതന്നെ പുത്രന്റെ ഗുരുനാഥനായി വിദ്യ അഭ്യസിപ്പിച്ചാലോയെന്ന് ആദ്യമാലോചിച്ചു . പിതാവു തന്നെയായാൽ സ്നേഹവാത്സല്യം കൊണ്ട് ശിക്ഷണം ശരിയാകുകയില്ലെന്ന് തോന്നിയപ്പോൾ വായുദേവനെ ശിക്ഷകനായി സ്വീകരിച്ചാലോ എന്നായി ആലോചന . വായുഭഗവാന് അത് സമ്മതമല്ലായിരുന്നു .

(3)
സകലകലാവല്ലഭനായ മറ്റൊരാളെ തെരഞ്ഞു കണ്ടു പിടിച്ച് ഗുരുസ്ഥാനമേല്പ്പിക്കുമെങ്കിൽ അത് പുത്രന്റെ ശ്രേയസ്സിന് ഏറ്റവും പ്രയോജനകരമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .

(4)
തത്ത്വങ്ങളും , സകലകലാവൈദഗ്ദ്ധ്യവും കുമാരനെ ബോധിപ്പിക്കേണ്ടതാണ് . അപ്രകാരം വിദഗ്ദ്ധനായ ഒരു ഗുരുനാഥനെ താമസംവിനാ തെരഞ്ഞു കണ്ടുപിടിക്കണമെന്ന് അവർ തീരുമാനിച്ചു.

(5)
ഒന്നു രണ്ടു ദിവസങ്ങൾ കഴിഞ്ഞ് ഒരു വൃക്ഷത്തിൽനിന്ന് മറ്റൊരു വൃക്ഷത്തിലേയ്ക്ക് ചാടിച്ചാടി ബാലഹനൂമാൻ കളിച്ചു രസിക്കുകയായിരുന്നു . അപ്പോൾ ഏതോ ഒരു ദുഷ്ടമൃഗത്തിന്റെ ആകാശശബ്ദം ശ്രവിച്ചു ബാലഹനുമാൻ വിസ്മയത്തോടെ വൃക്ഷച്ചുവട്ടിലേയ്ക്കു നോക്കി .

(6)
അവിടെ തടിച്ചു കൊഴുത്ത ഒരു വരയൻ വ്യാഘ്രം അക്രമാസക്തനായി ക്രൗര്യതയോടെ കണ്ണു കളുമുരുട്ടിക്കൊണ്ട് ഗർജ്ജനം മുഴക്കി നിന്നിരുന്നു . കൂസൽകൂടാതെ ബാലഹനൂമാൻ വൃക്ഷത്തിൽ നിന്ന് താഴെയിറങ്ങിവന്ന് വ്യാഘ്രത്തെ അഭിമുഖീകരിച്ച് ധൈര്യസമേതം എളിക്കു കൈകളും കൊടുത്ത് ഞെളിഞ്ഞുനിന്നു .

(7)
ഒന്നു രണ്ടു ചുവടുകൾ പുറകോട്ടുവച്ച വ്യാഘ്രം ഉന്നം പിശകാതെ ശത്രുവിനെ ആക്രമിക്കുന്നതിനുവേണ്ടി പതുങ്ങിയിരുന്ന് ലക്ഷ്യം ഉറപ്പു വരുത്തി , ആക്രമണത്തിനൊരുങ്ങി . വ്യാഘ്രം പ്രകടിപ്പിച്ച അഭ്യാസങ്ങളെല്ലാം ബാലസഹജമായ ചാപല്യത്തോടെ ബാലഹനൂമാനും പ്രകടിപ്പിച്ചു .

(8)
വ്യാഘ്രം മേല്പോട്ടു ചാടിയുയർന്നപ്പോൾ ഒപ്പം ബാലഹനൂമാനും ആകാശത്തേയ്ക്ക് ചാടിപ്പൊങ്ങി . വ്യാഘ്രവും , ബാലഹനൂമാനും തമ്മിൽ ഊക്കോടെ കൂട്ടിമുട്ടി ഒരുപോലെ നിലംപതിച്ചു .

(9)
ശത്രുവിനെ കടിച്ചു കുതറി എറിയുന്നതിനു വേണ്ടി വർദ്ധിച്ച കോപത്തോടെ ചാടിയടുത്ത വ്യാഘത്തെ ഇടതുകരം ചുരുട്ടി അതിന്റെ മുഖത്ത് ആഞ്ഞു പ്രഹരിച്ചു. താഡനമേറ്റ വ്യാഘ്രം വേദനകൊണ്ട് മുരണ്ടു. കാവായിൽകൂടി രക്തമൊലിച്ചു . വ്യാഘ്രത്തിന്റെ കൂർത്തപല്ലുകൾ പലതും കൊഴിഞ്ഞുവീണു .

(10)
നൊമ്പരംകൊണ്ടു പുളഞ്ഞ് അവശതയോടെ തളർന്നുനിന്ന വ്യാഘ്രത്തിന്റെ മുതുകിൽ ഉല്ലാസത്തോടെ ചാടിക്കയറിയ ബാലഹനുമാൻ ഹായ് ... ഹായ് . എന്നാനന്ദിച്ച് വ്യാഘ്രസവാരി ചെയ്യുവാനൊരുമ്പെട്ടു . ബാലഹനൂമാന്റെ ഭാരം താങ്ങുവാൻ കെല്പില്ലാതെ ക്ഷീണിച്ച വ്യാഘ്രം കുഴഞ്ഞുവീണു .

(11)
" ഭേഷ്..ഭേഷ് ! വീരബാലകാ ! നിന്റെ ബാല്യലീലകൾ അത്ഭുതാവഹം തന്നെ . ” ആരാണ് തന്നെ പ്രശംസിക്കുന്നത് ? ശബ്ദം ശ്രവിച്ച ദിക്കിലേയ്ക്ക് ബാലഹനൂമാൻ വിസ്മയത്തോടെ വീക്ഷിച്ചു ! കാർവർണ്ണമേനിയുള്ള കരുത്തനായ കാട്ടാളൻ !

(12)
പുലിത്തോലുടുത്ത കാട്ടാളന്റെ മാറിടത്തിൽ അനേകം പുലിനഖങ്ങൾ കോർത്തിണക്കിയ നീണ്ട മാല ആകർഷകമായി ഞാന്നു കിടക്കുന്നു . അമ്പും , വില്ലും കരതാരിലേന്തിയ അയാളുടെ മുഖഭാവവും , വശ്യമായ പുഞ്ചിരിയും ബാലഹനൂമാനെ അത്യധികമാകർഷിച്ചു .

(13)
കടഞ്ഞെടുത്തതുപോലെയുള്ള ശരീരാവയവങ്ങൾ ! കരുണാർദ്രമായ കടാക്ഷവീക്ഷണം ! ഇദ്ദേഹം ആരായിരിക്കാം ? ഹനുമാന്റെ ബാലമനസ്സിൽ എന്തെന്നില്ലാത്ത ജിജ്ഞാസ ! ബാലഹനുമാന് കാട്ടാളനോട് അവ്യക്തമായി ഭയഭക്തിബഹുമാനങ്ങൾ തോന്നി .

(14)
കാട്ടാളൻ : എന്താണ് ബാലകാ ! കണ്ണിമയ്ക്കാതെ എന്നെത്തന്നെ നോക്കി നില്ക്കുന്നത് ? വികൃതരൂപിയായ എന്നെക്കണ്ടിട്ട് നിനക്ക് ഭയം തോന്നുന്നുണ്ടോ ?

ഹനൂമാൻ : ഓ ... എനിക്കു ഭയമൊന്നുമില്ല. ഇതിനുമുമ്പ് ഈ കാട്ടിൽ കണ്ടിട്ടില്ലാത്ത അങ്ങ് ആരായിരിക്കാമെന്ന് ആലോചിക്കുകയായിരുന്നു .

(15)
കാട്ടാളൻ : ഞാൻ അപ്പുറത്തുള്ള മഞ്ഞുമലയിൽ കുടിപാർക്കുന്നവനാണ് . സമർത്ഥന്മാരായ ബാലന്മാരെ വിദ്യകളഭ്യസിപ്പിക്കുവാൻ താൽപര്യമുള്ള ഞാൻ നിന്റെ ഗുരുസ്ഥാനമേല്ക്കാമെന്നു കരുതി വന്നിരിക്കുകയാണ് .

(16)
ഹനൂമാൻ : അങ്ങയ്ക്ക് വൃക്ഷത്തിൽ ചാടിക്കയറി കരണംമറിയുവാനും , ഒരു മരത്തിൽനിന്ന് മറ്റൊരു മരത്തിലേയ്ക്ക് ഉന്നം പിഴയ്ക്കാതെ ചാടാനും ആകാശത്തിൽ പറക്കാനുമൊക്കെ അറിയാമോ ?

(17)
കാട്ടാളൻ : ഭേഷായറിയാം പിന്നെയും അനേകം വിദ്യകളൊക്കെ എനിക്കറിയാം . അസ്ത്രപ്രയോഗം , മല്ലയുദ്ധം , നൃത്തം , സംഗീതം , പരഹൃദയജ്ഞാനം , ഇങ്ങനെ പലതും .... പലതും .

ഹനൂമാൻ : എങ്കിൽ എനിക്കു കൂടി അവയൊക്കെ പറഞ്ഞുതരൂ .

(18)
കാട്ടാളൻ : ഇവിടെവെച്ചോ ? അതുസാധ്യമല്ല. കുമാരന്റെ അച്ഛനമ്മമാരെക്കണ്ട് അനുവാദം വാങ്ങി നല്ലസമയം നോക്കി വേണം വിദ്യാഭ്യാസം ആരംഭിക്കാൻ .

ഹനുമാൻ : എങ്കിൽ വരൂ. നമുക്ക് അങ്ങോട്ടുപോകാം .

(19)
ബാലഹനൂമാൻ കാട്ടാളനെയും കൂട്ടിക്കൊണ്ട് ഉത്സാഹത്തോടെ പുറപ്പെട്ടു . തങ്ങളുടെ പുത്രനോടൊപ്പം കരുത്തനായ ഒരു കാട്ടാളൻ വരുന്നതു കണ്ട് അഞ്ജനയും , വീരകേസരിയും അന്ധാളിച്ചു . വിവരദോഷികളായ കാട്ടാളന്മാരുമായി തങ്ങളുടെ പുത്രൻ കൂട്ടുപിടിക്കുന്നതിൽ മാതാപിതാക്കന്മാർക്ക് വെറുപ്പു തോന്നി .

(20)
അഞ്ജന : കുമാരാ ! ഈ ചങ്ങാത്തം എന്നാരംഭിച്ചു ? ഈ കാട്ടാളൻ ആരാണ് ? എന്തിന് ഇവിടേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു ?

ഹനൂമാൻ : അമ്മേ ! ഇദ്ദേഹം സർവ്വജ്ഞനാണ്. എല്ലാ വിദ്യകളും എന്നെ അഭ്യസിപ്പിക്കാമെന്ന് സമ്മതിച്ചിട്ടുണ്ട് .

(21)
കേസരി : ഓഹോ..തന്നെ സർവജ്ഞനെന്ന് പരിചയപ്പെടുത്തിയിരിക്കുന്ന ഈ കാട്ടാളൻ തികഞ്ഞ വഞ്ചനക്കാരനായിരിക്കുവാനേ ന്യായമുള്ളു .

കാട്ടാളൻ : ആലോചിക്കാതെ തിടുക്കപ്പെട്ടുള്ള തീരുമാനം സത്യവിരുദ്ധമായി ഭവിക്കുവാനേ നിർവ്വാഹമുള്ളു .

(22)
കേസരി : ഞങ്ങളുടെ കുമാരനെ വിദ്യകളഭ്യസിപ്പിക്കുവാൻ താല്പര്യപ്പെടുന്ന നീ ആദ്യം സമീപിച്ചിരിക്കേണ്ടത് ഞങ്ങളെയാണ് .

കാട്ടാളൻ : -ആരാണ് തന്റെ ഗുരുനാഥനാകേണ്ടതെന്ന് തീരുമാനിക്കേണ്ട കാര്യത്തിൽ വിദ്യാർത്ഥിക്കും ഒരു പങ്കുണ്ടെന്നുള്ള കാര്യം നിഷേധിക്കരുത്.

(23)
അജന : അവൻ ബാലനാണ്. നല്ലതും ചീത്തയും തിരിച്ചറിയുവാൻ സാധിക്കാത്ത പ്രായമാണ് അവന്റേത് . ഒരു കാട്ടാളന്റെയടുക്കൽ വിദ്യയഭ്യസിക്കുവാൻ മാത്രം പ്രാകൃതനുമല്ല ഞങ്ങളുടെ പുത്രൻ .

(24)
കാട്ടാളൻ : പ്രാകൃതമെന്ന് വിശേഷിപ്പിച്ചത് എന്റെ ഈ വേഷം കണ്ടിട്ടായിരിക്കാം . വേഷംകണ്ട് പുച്ഛിക്കുന്നതും , വിവരദോഷിയെന്ന് മുദ്രകുത്തുന്നതും വിവേകികൾക്ക് ഭൂഷണമല്ല . എന്നെ പരിഹസിക്കുന്ന നിങ്ങൾക്ക് എന്റെ കഴിവുകൾ പരീക്ഷിച്ചുനോക്കി വിധി കല്പിക്കാമല്ലോ ?

(25)
കാട്ടാളന്റെ യുക്തിയുക്തമായ സമാധാനം അഞ്ജനയെയും വീരകേസരിയെയും അത്ഭുതപ്പെടുത്തി. അവർ മുഖത്തോടുമുഖം നോക്കി. കാട്ടാളൻ സാമാന്യനല്ല . എപ്രകാരമാണ് അവന്റെ കഴിവുകൾ പരീക്ഷിക്കേണ്ടത് ? അവനുമായി ബലപരീക്ഷണം നടത്തിയാലോ ? വീരകേസരി ആലോചിച്ചു . തന്റെ അഭിപ്രായം വീരകേസരി കാട്ടാളനെ അറിയിച്ചു .

(26)
കേസരി : ഹേ..കാട്ടാളാ ! നിന്റെ കയികശേഷിയും , അസ്ത്രാഭ്യാസചതുരതയും പരീക്ഷിച്ചു നോക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു . നിനക്ക് സമ്മതമാണോ ?

കാട്ടാളൻ : പൂർണ്ണസമ്മതംതന്നെ ; പക്ഷെ ഒരു നിബന്ധന ! ജയപരാജയങ്ങൾ വീക്ഷിച്ചു വിധികല്പിക്കുന്നത് മറ്റൊരാൾകൂടി വേണമെന്ന് നിർബന്ധമുണ്ട് .

(27)
കേസരി : അതിന് എന്റെ പത്നിയായ അഞ്ജന ഇവിടെ ഉണ്ടല്ലോ . അതുകേട്ട് കാട്ടാളൻ പൊട്ടിച്ചിരിച്ചു .

കാട്ടാളൻ : -അജന നിങ്ങളുടെ ഭാര്യയാണ് . അതുകൊണ്ട് ജയം എപ്രകാരമായാലും വിധി ഏകപക്ഷീയമായിരിക്കും .

(28)
ശരിയാണ് . കാട്ടാളന്റെ ബുദ്ധിശക്തി അപാരം തന്നെ . ഇവനെ സർവ്വജ്ഞനെന്ന് കുമാരൻ വിശേഷിപ്പിച്ചതിൽ തെറ്റില്ലെന്ന് തോന്നുന്നു . മൂന്നാമനായി നിന്ന് ജയപരാജയങ്ങൾജ് വിധി കല്പിക്കുവാൻ വേണ്ടി അഞ്ജനയും , വീരകേസരിയും വായുഭഗവാനെ പ്രാർത്ഥിച്ചു .

(29)
കാറ്റിന്റെ വേഗത വർദ്ധിച്ചു . പരിസരമാകമാനം ഇളകി ആടി . വായു ദേവന്റെ ആഗമനം പ്രകൃതി വിളിച്ചോതി .

(30)
“ വായുദേവാ ! കാട്ടാളനും , ഞാനും തമ്മിൽ ശക്തിപരീക്ഷണമാരംഭിക്കുവാൻ പോകുകയാണ് . അവിടുന്ന് മദ്ധ്യസ്ഥനായിനിന്ന് ജയാപജയങ്ങൾ കല്പിച്ചരുളിയാലും . ” സമ്മതമെന്ന ഭാവത്തിൽ കാറ്റ് ഒരിക്കൽകൂടി ആഞ്ഞുവീശി ...

തുടരും...

(31)
You can follow @chatrapathi__.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.