വാസ്തവത്തിൽ ആരായിരുന്നു കൃഷ്ണൻ?

ശ്രീകൃഷ്ണനെക്കുറിച്ചു പൊതുവെയുള്ള സങ്കല്പം സർവ സുഖ സൗകര്യങ്ങളിൽ മുഴുകി ജീവിതം ആസ്വദിച്ചവനെന്നാണ് എന്നാൽ കൃഷ്ണൻറെ ജീവിതം മുഴുവനും പ്രതിസന്ധികൾക്കെതിരെയുള്ള പോരാട്ടമാണ്.

(1)
തൻറെ ജീവിതത്തെ കൃഷ്ണൻ സ്വീകരിച്ച രീതിയാണ് അതങ്ങേയറ്റം ആസ്വാദ്യമെന്നു നമുക്ക് തോന്നാനിടയാക്കിയത്. കൃഷ്ണനൊരിക്കലും സുഖത്തിലൂടെ മാത്രം സഞ്ചരിച്ചിരുന്നവനല്ല. തൻറെ കുലം തമ്മിൽ തല്ലി നശിക്കുന്നത് ഭാവഭേദമില്ലാതെ നോക്കി നിന്നവനാണ് കൃഷ്ണൻ.

(2)
എന്തെല്ലാം വിപത്തുകൾ വന്നു ചേർന്നാലും വിലപിക്കാതെ അവയെ സധൈര്യം നേരിട്ടവനായിരുന്നു കൃഷ്ണൻ.
ഇക്കാരണങ്ങളെക്കൊണ്ട് ശ്രീകൃഷ്ണനെ ഭാരതീയർ പൂർണ്ണാവതാരവരിഷ്ഠനെന്നു വിളിക്കുന്നു..

(3)
ഓരോ നിമിഷവും പൂർണ്ണമായ അവബോധത്തോടെ ജീവിച്ചു തീർത്ത, ലാഭനഷ്ടങ്ങളുടെ കണക്കുകൾ എണ്ണിയിരിക്കാത്ത, മോക്ഷത്തെ നിമിഷംതോറും അനുഭവിക്കുന്ന, സാധാരണക്കാർക്ക് അപ്രാപ്യമായ ജീവിതം നയിച്ചവനെ മറ്റെന്തു വിളിക്കാൻ..

(4)
ചരിത്ര പുരുഷനായ കൃഷ്ണനെ പൂർണ്ണമായി മനസ്സിലാക്കിയവർ കുറവാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു പക്ഷെ കൃഷ്ണനെ മനസ്സിലാക്കിയവർ കുറഞ്ഞു പോയത് കൊണ്ടാവാം ഒരു കാലത്തു ഭാരതം അധഃപതിച്ചു പോയതും. കൃഷ്ണനെക്കുറിച്ചു മനസ്സിലാക്കുവാൻ രണ്ടു പുസ്തകങ്ങൾ നമ്മെ സഹായിക്കും മഹാഭാരതവും ഭാഗവതവും

(5)
ഭാഗവതത്തിൽ കൃഷ്ണൻറെ കുട്ടിക്കാലവും കുടുംബ ജീവിതവും അതിഭാവുകത്വത്തോടെ വിവരിക്കുമ്പോൾ, ചരിത്ര പുരുഷനായ, സാമൂഹ്യ നായകനായ കൃഷ്ണനെ അറിയുവാൻ സഹായകമായിട്ടുള്ളത് ഇതിഹാസഗ്രന്ഥമായ മഹാഭാരതം തന്നെയാണ്.

(6)
ഭാഗവതത്തിൽ ചെറുപ്പം മുതലാടിയ ‘ലീലകളെ’ പൗരാണികാഖ്യാനത്തിൻറെ അതിഭാവുകത്വ രീതികളായി കരുതിയാൽ പോലും കൃഷ്ണൻറെ അസാമാന്യമായ ധീരോദാത്തത അവയിൽ പ്രകടമാണ്. മഹാഭാരതത്തിൽ ചരിത്രപുരുഷനായ കൃഷ്ണൻറെ പ്രവേശനം ദ്രൗപദി സ്വയംവരത്തിൽ വെച്ചാണ്.

(7)
വെറുമൊരു കാഴ്ചക്കാരനായി ദ്രൗപദി സ്വയംവരം കാണുക എന്ന ഉദ്ദേശത്തോടെയാണ് കൃഷ്ണനവിടെയെത്തുന്നത്. ഒറ്റനോട്ടത്തിൽ തന്നെ പാണ്ഡവരെ തിരിച്ചറിഞ്ഞ കൃഷ്ണൻ അവരെ ബലരാമന് കാണിച്ചു കൊടുക്കുന്നു.

(8)
പാണ്ഡവരെ മനസ്സിലാക്കിയ കൃഷ്ണൻറെ നിരീക്ഷണപാടവത്തെ, തീക്കട്ടയെ ഒളിപ്പിക്കുന്നതെങ്ങനെ എന്ന കൃഷ്ണൻറെ തന്നെ ചോദ്യത്തിൻറെ അകമ്പടിയോടെ വ്യാസൻ മനോഹരമായി വരച്ചു കാട്ടുന്നു.

(9)
വെള്ളവും വളക്കൂറുമില്ലാത്ത, പാറക്കെട്ടുകൾ നിറഞ്ഞ ഒരു കാട്ടുപ്രദേശം ധൃതരാഷ്ട്രർ രാജ്യസ്ഥാപനത്തിനായ് പാണ്ഡവർക്ക് നൽകുന്നു..
ഖാണ്ഡവവനം..

(10)
ഇവിടെയും കഥാഖ്യാനത്തിലെ അതിഭാവുകത്വമൊഴിവാക്കിയെടുത്താൽ മയൻറെ സഹായത്തോടുകൂടി ഉയർന്നു വന്ന ഇന്ദ്രപ്രസ്ഥം പാണ്ഡവരുടെ അദ്ധ്വാനശീലത്തിന് ഉദാഹരണമാണ്.

(11)
ഈ സന്നിഗ്ദ്ധ ഘട്ടത്തിലും പാണ്ഡവർക്ക് തുണയാകുന്നത് കൃഷ്ണനാണ്. വനവാസ സമയത്ത് പാണ്ഡവരെ കാണുവാനെത്തുന്ന കൃഷ്ണൻ ദുര്യോധനനെതിരെ പട നയിക്കട്ടെ എന്ന സാത്യകിയുടെ ചോദ്യത്തിന്

(12)
കൊടുത്ത വാക്കു പാലിക്കാതെ ഔദാര്യം സ്വീകരിക്കുവാൻ യുധിഷ്ഠിരൻ ഒരു യാചകനല്ല ക്ഷത്രിയനാണ് എന്ന് അദ്ദേഹത്തിൻറെ മനസ്സുവായിച്ചെടുത്ത പോലെ കൃഷ്ണൻ പറയുന്നുണ്ട്..

(13)
വനവാസത്തിനു ശേഷം നടത്തിയ രണ്ടു ദൂതും പരാജയപ്പെട്ടതിനു ശേഷം യുദ്ധം കൂടിയേ തീരു എന്ന പിടിവാശിയിൽ ഉറച്ചു നിൽക്കുന്ന ദുര്യോധനൻറെയും ധൃതരാഷ്ട്രൻറെയും അരികിലേക്ക് പോകുന്ന കൃഷ്ണനെ കുറുക്കന്മാരുടെ ഇടയിലേക്ക് കയറിച്ചെല്ലുന്ന സിംഹമായിട്ടാണ് വ്യാസൻ വിശേഷിപ്പിച്ചിരിക്കുന്നത്..

(14)
യുധിഷ്ഠിരൻ മുതൽ വിദുരർ വരെ ഉണ്ടായേക്കാവുന്ന അപകടസാധ്യതകളെക്കുറിച്ചു മുന്നറിയിപ്പ് കൊടുത്തിട്ടും ശത്രു പാളയത്തിൽ ഏകനായി ദൂതിനുപോയ കൃഷ്ണൻറെ സ്ഥൈര്യവും ധൈര്യവും ഇവിടെ വ്യക്തമാണ്.
ദുര്യോധനൻറെ സൽക്കാരം രണ്ടു കാരണം പറഞ്ഞാണ് കൃഷ്ണൻ നിഷേധിക്കുന്നത്.

(15)
“മറ്റൊരാളുടെ ഭക്ഷണം സ്വീകരിക്കുന്നതിന് രണ്ടു നിബന്ധനനകളുണ്ട്. ഒന്നുകിൽ അതിഥിക്ക് അടക്കാനാവാത്ത വിശപ്പുണ്ടായിക്കണം. അല്ലെങ്കിൽ ആതിഥേയന് അതിഥിയിൽ അങ്ങേറ്റം പ്രേമമുണ്ടായിരിക്കണം. ഇത് രണ്ടും നിങ്ങൾക്കില്ല എന്നെനിക്കു നന്നായറിയാം .

(16)
പിന്നെ ഞാനെന്തിന് നിങ്ങളുടെ ആതിഥ്യം സ്വീകരിക്കണം? ഞാൻ വന്നത് ഒരു ജോലിയുമായാണ്. നിങ്ങളുമായെനിക്ക് ഔദ്യോഗിക ബന്ധം മാത്രമേയുള്ളൂ”.

(17)
ഇതിനു ശേഷം കൃഷ്ണൻ വിദുരൻറെ വീട്ടിലേക്കു പോകുകയും അവിടെ തനിക്കായി പ്രേമത്തോടെ ഒരുക്കിവെച്ച ഭക്ഷണം , പഴത്തൊലി പോലും സ്വീകരിക്കുകയും ചെയ്യുന്നു. ധർമ്മാധർമ്മ വിവേചന ബോധം ഇവിടെ കാണാവുന്നതാണ്.

(18)
സമാധാനത്തിനുള്ള അവസാന ശ്രമങ്ങളും പരാജയപ്പെട്ട ശേഷം , ദുര്യോധനൻറെ പിടിവാശിയുടെ പുറത്തു യുദ്ധം തീരുമാനിക്കുന്നു. ദൂതുമായി വന്ന കൃഷ്ണനെ ബന്ധിച്ചു കാരാഗ്രഹത്തിലടക്കുവാനുള്ള ദുര്യോധനൻറെ തീരുമാനത്തെ എതിർക്കുന്നത് അമ്മയായ ഗാന്ധാരിയാണ് .

(19)
താനൊറ്റക്കാണ് എന്ന ധൈര്യത്തിൽ ബന്ധിക്കാനോരുമ്പടണ്ട എന്ന് പറഞ്ഞു വിശ്വരൂപം കാണിക്കുന്ന കൃഷ്ണൻറെ പ്രഭാവലയശക്തിയിൽ കണ്ണിൻറെ കാഴ്ച നശിച്ച് പോകാതെ വിശ്വരൂപം കാണുന്നത് ദ്രോണനും, സഞ്ജയനും,ഭീഷ്മനും,വിദുരനും മാത്രമായിരുന്നു.

(20)
കാണാൻ കഴിയണമേ എന്നാഗ്രഹിച്ചതിനാൽ ധൃതരാഷ്ട്രനും കണ്ടു എന്ന് മഹാഭാരതം. ദുര്യോധനനോട് വിധിയെ തടുക്കുവാനാകില്ല എന്നോർമ്മിപ്പിച്ച ശേഷം കൃഷ്ണൻ മടങ്ങുന്നു.

(21)
യുദ്ധത്തിനൊരുക്കങ്ങൾ നടക്കുന്നതിനിടയിൽ ദ്വാരകയിലേക്ക് സഹായമഭ്യർത്ഥിച്ചു കൊണ്ട് ഒരേ സമയത്തു എത്തിച്ചേരുന്നത് രണ്ടുപേരാണ്. അർജ്ജുനനും ദുര്യോധനനും.

(22)
അതുവരെ നിഷ്പക്ഷനായിരുന്ന , ധർമ്മപക്ഷത്തായിരുന്ന , കൃഷ്ണൻ തൻറെ ‘നാരായണിസേന’യെ ദുര്യോധനന് നൽകിയതോടെ കൃത്യമായി പാണ്ഡവ പക്ഷത്തേക്ക് ചായുന്നു. സഹായം ലഭിച്ച രണ്ടു പേരും പൂർണ്ണ തൃപ്തരായി തീർന്നു.

(23)
കൃഷ്ണനൊരാളെ കിട്ടിയിട്ട് എന്ത് ചെയ്യാൻ എന്ന ധാരണയോടെ, സേനയുടെ ബലത്തിൽ വിജയമുറപ്പിച്ച ദുര്യോധനൻ കൊടുക്കേണ്ടി വന്ന വില വളരെ വലുതായിരുന്നു.

(24)
എളുപ്പത്തിലൊരു സർവ സൈന്യാധിപനാകാമായിരുന്ന കൃഷ്ണൻ സ്വയമേറ്റെടുക്കുന്ന ജോലി ഒരു സാരഥിയുടേതാണ്. കൃഷ്ണൻറെ എളിമക്കും അഹങ്കാരമില്ലായ്മക്കും മറ്റൊരു തെളിവ് വേണമെന്ന് തോന്നുന്നില്ല.

(25)
യുദ്ധത്തിൻറെ ജയപരാജയങ്ങൾ അർജ്ജുനൻറെ മനസ്ഥിതിയെ ആശ്രയിച്ചിരിക്കുന്നു എന്ന് നന്നായറിഞ്ഞിട്ടു തന്നെയാണ് കൃഷ്ണൻ അർജുനൻറെ തന്നെ സാരഥിയായതും.
ഗീതോപദേശം കേട്ട് കഴിഞ്ഞും ഭീഷ്മരെ വധിക്കുവാനാകാതെ കൈവിറച്ചു കുഴങ്ങുന്ന അർജ്ജുനനെ പ്രകോപിപ്പിക്കുക

(26)
എന്ന ഉദ്ദേശത്തോടെ രഥചക്രമെടുത്ത് ഭീഷ്മരുടെ നേർക്ക് നിലത്തുള്ള പൊടിപാറിച്ചു കൊണ്ടു അലറിയടുക്കുന്ന കൃഷ്ണൻറെയും അത് തടുക്കുന്ന അർജ്ജുനൻറെയും ‘കൃഷ്ണ സുസ്വാഗത’മെന്നു കൈകൾ വിരിച്ചു സ്വീകരിക്കുന്ന ഭീഷ്മരുടെയും വാങ്മയ ചിത്രം കണ്മുന്നിൽ കണ്ട അനുവാചകൻ

(27)
വ്യാസഗുരുവിനെ ഒരായിരം വട്ടം മനസാ പ്രണമിച്ചുപോകും.. മഹാഭാരതത്തിലെ ഏറ്റവും ഉജ്ജ്വലമായ ഭാഗങ്ങളിലൊന്നാണീ സന്ദർഭം .
തുടർന്ന് വയോവൃദ്ധനായ ഭഗദത്തനോടെതിരിടുന്ന അർജ്ജുനനെതിരെ വന്ന ഒരസ്ത്രത്തെ കൃഷ്ണൻ തന്നിലേക്കാവാഹിക്കുന്നു.

(28)
യുദ്ധം ചെയ്യാതിരിക്കുന്ന കൃഷ്ണൻ എന്തിനാണ് അനാവശ്യമായി ഇമ്മാതിരി ഓരോന്ന് ചെയ്യുന്നതെന്ന ചോദ്യത്തിന് കൃഷ്ണൻറെ മറുപടി അത് വൈഷ്ണവാസ്ത്രമാണ് എന്നതായിരുന്നു..

(29)
ശേഷം അഭിമന്യു വധത്തോടെ ധർമ്മ ലംഘനം തുടങ്ങിവെച്ച, വാക് ലംഘനങ്ങൾ തുടർച്ചയായ നടത്തുന്നവരുടെ ഇടയിൽ, ഒട്ടും ധർമ്മാവബോധമില്ലാത്തവരുടെ മുൻപിൽ, ഒരു ധർമ്മയുദ്ധം സ്വന്തം നിലനിൽപ്പിനു ഭീഷണിയായി തീരുമെന്ന സത്യം മനസ്സിലാക്കിക്കൊണ്ട്

(30)
കുടില തന്ത്രങ്ങൾ പ്രയോഗിച്ചു തുടങ്ങിയവരെ ജയിക്കുവാൻ കുടിലമാർഗങ്ങൾ തന്നെ കൃഷ്ണൻ ഉപദേശിക്കുന്നു. ഓരോരുത്തരും അവരവർ അർഹിക്കുന്ന സമരമുറകളിലൂടെ കൃഷ്ണൻറെ സഹായത്തോടെ വധിക്കപ്പെടുന്നു .

(31)
ഇവിടെയാണ് കൃഷ്ണനെ അറിയുവാൻ ഭാരതം മറന്നത്. ധർമ്മം അത് അർഹിക്കുന്നവരോടെ ആകാവൂ എന്നതാണ് കൃഷ്ണനോതിയ ഒരു പാഠം… ഇല്ലെങ്കിലത് സ്വന്തം നാശത്തിനു വഴി വെക്കുന്നതായിരിക്കും. നിലനില്പിനാവശ്യമെങ്കിൽ, എതിര് ഭാഗത്തു ധാർമിക ബോധമില്ലാത്തവരെ - ങ്കിൽ,

(32)
ധർമ്മത്തിലടിയുറച്ച നിലനിൽപ്പ് നമ്മെ നശിപ്പിക്കുകയെ ഉള്ളൂ..
ഇതിനേറ്റവും വലിയ ഉദാഹരണം പിൽക്കാലത്ത് ഭാരതത്തിനുണ്ടായ പതനം തന്നെയാണ്. അപരിഷ്കൃതരായവരെ തുടർന്ന് നമ്മെ നശിപ്പിക്കാനെത്തിയത് തികച്ചും പരിഷ്കൃതരായ ജനതയാണ്. ഇവർക്ക് രണ്ടു പേർക്കുമൊരു സാമ്യമുണ്ടായിരുന്നു..

(33)
ധാർമിക ബോധമില്ലാത്ത കൂട്ടങ്ങളായിരുന്നു അധിനിവേശക്കാരിൽ ഭൂരിഭാഗവും.. അത്തരക്കാരുടെ ഇടയിൽ ധാർമിക ബോധമുള്ള ഒരു ജനതയുടെ ചെറുത്തു നിൽപ്പ് തികച്ചും ദുര്ബലമായിരിക്കും.

(34)
ഭാരതം അധഃപതിക്കാനിടയായത് കൃഷ്ണനെ മറന്നു പോയത് കൊണ്ടായിരിക്കണം.
യുദ്ധം കഴിഞ്ഞതിനു ശേഷം യുദ്ധഭൂമിയിലെ ഭീകരമായ കാഴ്ചകൾ കണ്ടു മനംനൊന്ത ഗാന്ധാരി “നല്ല മരതകക്കല്ലിനോടൊത്ത കല്യാണരൂപന്മാരെ കൊല്ലിക്കുന്നതിൽ രസം കണ്ടെത്തിയവനാണ് നീ” എന്നുറക്കെ കേണു കൊണ്ട്,

(35)
“നിൻറെ കുലവുമിതുപോലെ തമ്മിൽ തല്ലി മുടിഞ്ഞു പോകട്ടെ”യെന്നു ശപിച്ചപ്പോൾ , ഒരു ചെറു പുഞ്ചിരിയോടെ വാസുദേവനിങ്ങനെ പറഞ്ഞു.” അമ്മെ, അവരെ നശിപ്പിക്കുവാൻ ആർക്കും സാധിക്കുകയില്ല. എന്നാൽ കാലനിയമമനുസരിച്ചു അവരുടെ നാശം സുനിശ്ചിതവുമാക്കേണ്ടതാണ്.

(36)
സ്വയം നശിക്കുവാനുള്ള ശാപം അവർക്കേകിയതിനു നന്ദി” സ്വന്തമെന്ന ഭാവം അശേഷമില്ലാതെ സാഹചര്യങ്ങൾ തനിക്ക് അനുകൂലമായാലും പ്രതികൂലമായാലും പൂർണ്ണമായി, ചെറു പുഞ്ചിരിയോടെ സ്വീകരിച്ച ഒരേയൊരാൾ മാത്രമേ ഇതിഹാസത്തിലുണ്ടാകുകയുള്ളൂ. അത് കൃഷ്ണനാണ്.

(37)
അശ്വമേധത്തിൽ യുധിഷ്ഠിരന് വേണ്ട സഹായങ്ങൾ ഒരുക്കിക്കൊടുത്ത ശേഷം കൃഷ്ണൻ ദ്വാരകയിലേക്കു മടങ്ങുന്നു. തുടർന്ന് യാദവ വംശത്തിലെ അന്തച്ഛിദ്രങ്ങൾക്കുള്ള സമയമായെന്ന് തിരിച്ചറിഞ്ഞകൃഷ്ണൻ ഗാന്ധാരിയുടെ വാക്കുകൾ സത്യമായി തീരുമെന്നറിഞ്ഞു കൊണ്ട് തന്നെ തീർത്ഥയാത്രക്കൊരുങ്ങുന്നു.

(38)
പ്രഭാസ തീർത്ഥത്തിനടുത്തു വെച്ച് മദ്യപിച്ചു തമ്മിൽ തല്ലിയൊടുങ്ങുന്ന തൻറെ കുലത്തെ ശാന്തനായി നോക്കിക്കണ്ടതിനു ശേഷം, ഉദ്ധവരോടൊത്തു ബലരാമൻറെ യോഗസമാധിയും കണ്ടതിനു ശേഷം, ഉദ്ധവരെ അർജ്ജുനൻറെയടുത്തേക്ക് പറഞ്ഞയച്ചു, യോഗീഭാവം പൂണ്ട കൃഷ്ണൻറെ പാദത്തിൽ ജരയെന്ന വേടൻ വിഷാസ്ത്രമയക്കുന്നു.

(39)
പൂർണ്ണമായ അവബോധത്തോടെ, പുഞ്ചിരിയോടെ കൃഷ്ണൻ ദേഹമുപേക്ഷിക്കുന്നു..

(40)
ഇനിയുമാ ചോദ്യം ബാക്കിയാണ് ..

ആരായിരുന്നു കൃഷ്ണൻ?

അച്ചടക്കമില്ലാത്ത , വികൃതിയായ ഒരു കൊച്ചു കുട്ടി?

സർവ ചരാചരങ്ങളെയും മുരളിവായനയിൽ മയക്കിയ സംഗീത വിദ്വാൻ?

മനോഹരമായതും പ്രീതിയുളവാക്കുന്നതുമായ നൃത്തം ചെയ്ത സുന്ദരനായ നർത്തകൻ?

(41)
അപ്രതിരോധ്യമാം വണ്ണം കാമുകിമാരെ
തന്നിലേക്കാകർഷിച്ച കാമുക മനസ്സുള്ളവൻ?

സഭയിൽ അപമാനിക്കപ്പെട്ട സ്ത്രീത്വത്തിൻറെ മാനം കാത്തവൻ?

വീരനും ധീരനായ പോരാളി?

യുദ്ധത്തിൽ നിന്നും ഒളിച്ചോടിയ ഭീരു?

ശാന്തി ദൂതൻ?

ഋഷി?

മോഷ്ടാവ്?

(42)
അനിവാര്യമായ യുദ്ധത്തിൽ പ്രതിജ്ഞ പോലും ലംഘിച്ചു ആയുധമെടുക്കാൻ തുനിഞ്ഞവൻ?

തൻറെ സുഹൃത്തിൻറെ അപാരമായ സാധ്യതകളിലേക്ക് വെളിച്ചം വീശി അവനെ യുദ്ധത്തിന് പര്യാപ്തനാക്കിയവൻ?

(43)
യാഗങ്ങളെയും യജ്ഞങ്ങളേയും യഥാവിധി അനുഷ്ഠിക്കുകയും എന്നാൽ ജീവിതം അവയിലേക്ക് മാത്രം ഒതുങ്ങിപ്പോകരുതെന്നും പറഞ്ഞവൻ?

തൻറെ സേനയെ പോലും അപരന് ദയാരഹിതമെന്നു തോന്നും വിധം ഉപേക്ഷിച്ചവൻ?

വിവേകശാലിയും കൗശലക്കാരനായ നയതന്ത്രജ്ഞൻ?

(44)
അധികാരത്തെ സ്വീകരിക്കുവാനും അതെ സമയം പുല്ലുപോലെ വലിച്ചെറിയുവാനും മടിയില്ലാത്തവൻ?

സംഭാഷണങ്ങളിൽ അങ്ങേയറ്റം മാന്യത പുലർത്തി സംസാരിക്കുന്ന കുലീനൻ?

യോഗസപര്യയുടെ മറുകര കണ്ടവൻ?

ജീവിതത്തിൻറെ ഏതൊരു സാഹചര്യവുമായും ഇണങ്ങി ചേരാൻ സാധിക്കുന്നവർ?

(45)
ജീവിതത്തെ അതിൻറെ പരിപൂർണ്ണമായ വർണ്ണ വൈവിധ്യങ്ങളിൽ അനുഭവിച്ചറിഞ്ഞവൻ?
പ്രകൃതിയോടിണങ്ങി ജീവിച്ചവൻ?

(46)
യഥാർത്ഥത്തിൽ ആരായിരുന്നു കൃഷ്ണൻ? ഇതൊന്നുമായിരുന്നില്ലേ? അതോ ഇതെല്ലാമായിരുന്നോ?
കൃഷ്ണനെ കേവലം വാക്കുകളിൽ ഒതുക്കാനാകുമോ?
കൃഷ്ണനെ പൂർണ്ണമായി അറിഞ്ഞവരാരുണ്ട്?
അറിഞ്ഞവരുണ്ടെങ്കിൽ, അവരെപ്പോലെ ഭാഗ്യവാന്മാർ മറ്റാരുണ്ട്?

(47)
പലരും കൃഷ്ണനെ കണ്ടത് പലവിധത്തിലാണ്. ചിലർക്ക് കൃഷ്ണൻ എന്നുമൊരു ചെറുബാലകനാണ് ........
ചിലർക്ക് പ്രിയപ്പെട്ട സുഹൃത്താണ് ......
ചിലർക്ക് ഗുരുവാണ് ........
ചിലർക്ക് യോഗേശ്വരനാണ് ......
ഈ വേഷങ്ങളിലെല്ലാം കൃഷ്ണനെ മാത്രമേ കാണുവാൻ കഴിയൂ എന്നൊരു പ്രത്യേകത കൂടിയുണ്ട് ..

(48)
കൃഷ്ണൻ സകല രുചിഭേദങ്ങളെയും ഉൾക്കൊള്ളുന്നവനാണ്. ഓരോരുത്തരും അവരവരുടെ മനോധർമ്മമനുസരിച്ചു ഇതാണ് കൃഷ്ണൻ എന്ന് പറയുന്നു.. കൃഷ്ണൻ പ്രവചനാതീതനാണ്. ദേശത്തിനും കാലത്തിനും അതീതനാണ്..

(49)
ധർമ്മക്ഷയമുണ്ടാകുമ്പോൾ വീണ്ടും വീണ്ടും അവതരിക്കുന്നവനാണ്. കൃഷ്ണൻ അങ്ങനെയെന്തെല്ലാമായിരുന്നു? ആരെല്ലാമായിരുന്നു? അറിയില്ല.. ഒരിക്കലും അറിയാനും സാധിക്കില്ല ..
അതെ, കൃഷ്ണനെ ഒരിക്കലും പൂർണ്ണമായും അറിയാൻ സാധിക്കില്ല..

(50)
ലോകം കൃഷ്ണനെ ഭാഗികമായേ അറിഞ്ഞിട്ടുള്ളൂ .. .
കൃഷ്ണൻറെ നിറം കറുപ്പായിരുന്നു. കൃഷ്ണ എന്ന വാക്കിൻറെ അർഥം തന്നെ കറുപ്പ് എന്നാണല്ലോ .
എന്നാൽ നമ്മുടെ വീക്ഷണ പരിധിയിലൊതുങ്ങാത്തതിന് , അപരിമേയമായതെന്തിനും നീലനിറമാണത്രെ.. ..
സമുദ്രവും ആകാശവുമെല്ലാം നീലയാണ്…

(51)
കൃഷ്ണനെ നീല നിറത്തിൽ ആലേഖനം ചെയ്യുവാനും കാരണം ഇതായിരിക്കണം .. കൃഷ്ണൻ അപരിമേയനാണ്. നമ്മുടെയൊക്കെ വീക്ഷണ പരിധികൾക്കപ്പുറത്തുള്ളവനാണ്. എനിക്കിനിയും ഏറെ ശ്രീകൃഷ്ണനിൽ നിന്നും പഠിച്ചെടുക്കേണ്ടതുണ്ട്. കൃഷ്ണനിലേക്കു വളരേണ്ടതുണ്ട് ..

(52)
ജീവിതം നമുക്ക് മുന്നിൽ കാഴ്ചവെക്കുന്നത് സുഖമാകട്ടെ ദുഖമാകട്ടെ പരാതികളില്ലാതെ പൂർണ്ണ മനസ്സോടെ സ്വീകരിക്കാൻ സാധിക്കുന്നതാണ് കൃഷ്ണാവബോധം. കൃഷ്ണനെയറിയാൻ ശ്രമിക്കുന്നതിലൂടെ നാമോരുരുത്തരും
ഈ ശ്രീകൃഷ്ണ ജയന്തി കൃഷ്ണനെ അറിയാനും , അനുഭവിക്കാനും സാധിക്കട്ടെ

(53)
You can follow @chatrapathi__.
Tip: mention @twtextapp on a Twitter thread with the keyword “unroll” to get a link to it.

Latest Threads Unrolled:

By continuing to use the site, you are consenting to the use of cookies as explained in our Cookie Policy to improve your experience.