സജീവ് ഇന്ന് പറഞ്ഞ കഥ ഛത്തീസ്ഗഡിൽ നിന്നുള്ളതാണ്. ഒരിക്കൽ ഓഫിസിൽ ഒരു മെയിൽ വരുന്നു. ഛത്തീസ്ഗഡിൽ നിന്നുള്ള ഒരാൾക്ക് വന്നു കാണാൻ അനുവാദം വേണം. വന്നോളാൽ പറഞ്ഞു, പുള്ളി വന്നു.
ആൾ ബംഗാളിയാണ്, ഛത്തീസ്ഗഡിൽ കുറെ സ്‌ഥാലമുണ്ട്. മുഴുവൻ തേക്ക് വച്ചു പിടിപ്പിച്ചിരിക്കയാണ്. പക്ഷെ എല്ലാ വർഷവും ഒരു പുഴു വന്ന് ഇല മുഴുവൻ തിന്ന് തീർക്കും. പല വഴി നോക്കി, രക്ഷയില്ല. അവസാനം കേരളത്തിൽ അതിന് പ്രതിവിധി കണ്ടു പിടിച്ചിട്ടുണ്ട് എന്ന് കേട്ട് സഹായം അഭ്യർഥിച്ചു വന്നതാണ്.
സഹായിക്കാം എന്ന് ഏറ്റ്. ഒരു നല്ല ദിവസം കുറിച്ചു ആൾ തിരികെ പോയി. അധികം വൈകാതെ സജീവും ഒരു സീനിയർ സയന്റിസ്റ്റും റായ്പൂർക്ക് വണ്ടി കയറി. ഛത്തീസ്ഗഡ് ആയിടെ ഉണ്ടായ സംസ്ഥാനമാണ്. അതു കൊണ്ടു കൃഷിക്ക് വെള്ളവും കറണ്ടും സൗജന്യമാണ്. ബംഗാൾ നിന്നുള്ള ധനികർ അവിടെ ചെന്ന് ചുളു വിലക്ക് സ്ഥലം വാങ്ങി.
തീവണ്ടി റായ്പൂർ എത്തിയപ്പോൾ അയാൾ കാത്തു നിന്നിരുന്നു. അയാളുടെ വണ്ടിയിൽ തോട്ടത്തിലേക്ക് കുറച്ചു ദൂരം കഴിഞ്ഞപ്പോൾ ഭൂപ്രകൃതി മാറി. വിജനമായ സ്ഥലങ്ങൾ. ഇടയ്ക്ക് എപ്പഴെങ്കിലും ഒരു ഗ്രാമം.
ചെല്ലേണ്ട സ്ഥലം അടുക്കാറായപ്പോൾ കുറെ കൂടി ആളുകളെ കണ്ടു. അവിടെല്ലാം കണ്ട ഒരു കൗതുകകരമായ കാഴ്ച, കുട്ടികളും കുരങ്ങന്മാരും ഒന്നിച്ചു കളിക്കുന്നതാണ്! പലയിടങ്ങളിലും ഹനുമാൻ പ്രതിമകളും കണ്ടു. അതായിരിന്നു അവിടങ്ങളിലെ പ്രധാന മൂർത്തി.
തോട്ടത്തിൽ എത്തിയപ്പോൾ അവർ അത്ഭുതപ്പെട്ടു. ഏക്കർ കണക്കിന് പരന്നു കിടക്കുന്ന തേക്കിൻ തോട്ടം. ചാല് കീറി, തടമെടുത്തു വെറ്റില തോട്ടത്തിലെത് പോലെ നനയ്ക്കാനായി വെള്ളമെത്തിക്കുന്നു. പ്രാണികളെ പിടിക്കാൻ ലൈറ്റ് ട്രാപ്പുകൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ കത്തിച്ചിട്ടിരിക്കുന്നു.
തേക്കിൻ തടികൾ വെള്ളം കുടിച്ചു വീർത്തിട്ടുണ്ട്. ഒരു ദിവസം നനച്ചില്ലെങ്കിൽ ചുരുങ്ങി പോകുമെന്ന് ഉറപ്പു. അവർ ചുറ്റി നടന്നു കണ്ടു, വേണ്ട നിർദ്ദേശങ്ങൾ നൽകി. നന കുറയ്ക്കാൻ പറഞ്ഞു, വിളക്കുകൾ അണയ്ക്കാൻ പറഞ്ഞു. തൊഴിലാളികളുമായി സംസാരിക്കാൻ ഭാഷ പ്രശ്നമായിരുന്നു. മുതലാളി തന്നെ തർജമ ചെയ്തു.
ആണുങ്ങൾക്ക് അന്നവിടെ 11 രൂപയാണ് കൂലി, പെണ്ണുങ്ങൾക്ക് 8 രൂപയും. പച്ചക്കറിയൊക്കെ അവിടെ കൃഷി ചെയ്യുന്നുണ്ട്. ജീവിത ചിലവ് കുറവാണ്. രസകരമായ ഒരു കാര്യം, അവരാരും തന്നെ അവിടം വിട്ട് പുറം നാട്ടിൽ പോയി ജോലി ചെയ്യാറില്ല. മിക്കവാറും ആരും തന്നെ റായ്പൂർ പോലും കണ്ടിട്ടില്ല.
അതിനവർ പറഞ്ഞ കാരണമാണ് രസകരം. ആണുങ്ങൾ ദൂര ദേശത്തു പണിക്ക് പോയി കുറെ കഴിഞ്ഞു തിരിച്ചു വരുമ്പോൾ ഭാര്യ വേറെ ആരുടെയെങ്കിലും കൂടെ പോയിട്ടുണ്ടാകും. ആ റിസ്ക് ഉള്ളത് കൊണ്ട് ദൂരെ പണിക്ക് പോകാൻ ആർക്കും താൽപ്പര്യമില്ല!
അന്ന് രാത്രി അവർക്ക് താമസം അവിടുത്തെ ഫാം ഹൗസിൽ ആയിരിന്നു ശരിയാക്കിയത്. നല്ല പച്ചക്കറി കൂട്ടി ചൂടോടെ നെയ്യിൽ ചുട്ടെടുത്ത റൊട്ടിയും.
സജീവിന് ഒരുക്കിയ മുറിയിൽ ചെന്നപ്പോൾ എന്തോ ഒരു സാധനം തുണിയിട്ട് മൂടിയിരിക്കുന്നത് കണ്ടു. കൗതുകം ലേശം കൂടുതലായത് കൊണ്ടു ചെന്നു നോക്കി, പിന്നെ എന്താണെന്ന് അന്വേഷിച്ചു. അതു കുറച്ചു വലിയ ഒരു ടെലിസ്കോപ് ആയിരിന്നു. ഉപയോഗിച്ചു കാണിക്കാൻ മുതലാളി അതു ടെറസ്സിൽ കയറ്റി വയ്ക്കാൻ പറഞ്ഞു.
മുകളിൽ ചെന്നപ്പോൾ കാഴ്ച മനോഹരമായിരുന്നു. ചുറ്റും പരന്ന് കിടക്കുന്ന ഭൂമി. ആകാശം 180° കാണാം സാധിക്കും. പൂർണ്ണചദ്രൻ ആകാൻ മൂന്ന് നാല് ദിവസം കൂടിയുണ്ട്. സജീവ് ആ ടെലിസ്കോപ്പിലൂടെ മണിക്കൂറുകളോളം ചന്ദ്രന്റെ ഉപരിതലം നോക്കിയിരുന്നു. ഇതിനിടക്ക് എപ്പഴോ സംസാരം സ്പിരിച്ചുവലിറ്റിയെ കുറിച്ചായി.
അയാൾ സജീവിനോട് പരമഹംസ യോഗാനന്ദയെ അറിയുമോ എന്നു ചോദിച്ചു. അയാൾ യോഗാനന്ദയുടെ ഭക്തനാണ്. സജീവ് പറഞ്ഞു, അറിയില്ല. പക്ഷെ നാട്ടിൽ ഉള്ള ഗുരുപരമ്പരയെ കുറിച്ചു പറഞ്ഞു. ശ്രീനാരായണ ഗുരു, അദ്ദേഹത്തിന്റെ ശിഷ്യൻ നടരാജ ഗുരു, അദ്ദേഹത്തിന്റെ ശിഷ്യനായ നിത്യചൈതന്യ യതി, ശിഷ്യനായ സുഹൃത്ത് ഷൗക്കത്ത്.
അയാൾ പരമഹംസ യോഗാനന്ദയുടെ ഭഗവദ് ഗീതയെ കുറിച്ചു പറഞ്ഞു. സജീവ് അതു വായിച്ചിട്ടില്ല എന്നു പറഞ്ഞു. ലൈഫ് ഓഫ് ആ യോഗി എന്ന പുസ്തകം ഒരിക്കല് വായിക്കാൻ തുടങ്ങിയെങ്കിലും അതു തിരക്ക് കാരണം മുഴുമിപ്പിക്കാൻ സാധിച്ചിട്ടില്ല. രാത്രിയേറെ നേരം ചന്ദ്രന്റെ ഓരോ മുക്കും മൂലയും നോക്കിയിരുന്നു.
പിറ്റേന്ന് രാവിലെ വീണ്ടും ഫീൽഡിൽ പോയി. ഉച്ചക്ക് ശേഷം മടക്കയാത്രക്കു ഒരുങ്ങി. അയാൾ സജീവിന്റെ മുറിയിലേക്ക് വന്നു ഒരു പൊതി കൊടുത്തു. തുറന്ന് നോക്കിയപ്പോൾ പരമഹംസ യോഗാനന്ദയുടെ ഭഗവത്ഗീത. സ്വർണ്ണ ലീപികളിൽ എഴുതിയത്. അതു ഒരു നല്ല ഗിഫ്റ്റ് ബോക്‌സിൽ പൊതിഞ്ഞു.സജീവിന് സന്തോഷമായി.
ട്രെയിനിൽ വച്ച് സജീവ് അതു വായനക്ക് എടുത്തു. അതിന് മുൻപ് വായിച്ചിട്ടുള്ള ഭഗവദ്ഗീത പോലെ ആയിരുന്നില്ല അതു. തികച്ചും വ്യത്യസ്തം. കഥാപാത്രങ്ങൾ മനുഷ്യരല്ല. ഓരോ സ്വാഭാവ വിശേഷണങ്ങൾ. ദി ഗോഡ്സ് ഗിഫ്റ്റ് ടു അർജുന എന്ന രണ്ടു വാല്യം ഉള്ള പുസ്തകം.
വേറൊരു ലെവലാണ് ആ പുസ്തകം എന്നു പെട്ടെന്ന് മനസ്സിലായി. പരമഹംസ യോഗാനന്ദയെ സംബന്ധിച്ചു കുരുക്ഷേത്ര യുദ്ധം നടക്കുന്നത് മനസ്സിലാണ്. അർജ്ജുനന്റെ മനസ്സിലെ ചോദ്യമാണ്. അതിലെ കഥാപാത്രങ്ങളുടെ പേര്, ആ പേരുകളുടെ നിഷ്പതി, ധാതു അന്വേഷിച്ചു പോയി അർത്ഥം കണ്ടു പിടിക്കുകയാണ് പരമഹംസ ചെയ്തത്.
ഓരോ കഥാപാത്രവും ഓരോ ഭാവങ്ങളാണ്. ഉദാഹരണത്തിന് കണ്ണൻ അറ്റാച്ച്മെന്റ് ആണ്. ദുര്യോദനനോടുള്ള അറ്റാച്ച്മെന്റ്. എന്ത് തെളിവ് വേറെ വന്നാലും ആ അറ്റാച്ച്മെന്റ് വിട്ടു പോകില്ല. ഭീഷ്മർ ഈഗോയുടെ, ഞാൻ എന്ന ഭാവത്തിന്റെ ആളാണ്.
അതു വായിക്കുമ്പോൾ മനസ്സിലാകുന്നത്, മഹാഭാരതത്തിൽ യുദ്ധമല്ല, മറിച്ചു ഭാവങ്ങൾ തമ്മിലുള്ള ഇന്ററാക്ഷൻ ആണ് നടക്കുന്നത്. ഓരോ നിമിഷവും അങ്ങനെ തന്നെ. അതു വായിച്ചു പകുതിയായപ്പോൾ സജീവിന് പേടി തോന്നി, ഇതു വായിച്ചു തനിക്ക് എന്തെങ്കിലും സംഭവിക്കുമോ എന്നു.
ഇത്ര ക്യാപ്റ്റിവെറ്റിങ് ആയ ഒരു പുസ്തകം ഇതിനു മുൻപ് വായിച്ചിട്ടില്ല. ഓരോ വാക്കുകളും ഭാഷയുടെ മേലുള്ള അദ്ദേഹത്തിന്റെ കമാൻഡ് വ്യക്തമാക്കുന്നതായിരുന്നു. ഒരു വാക്കിനു പകരം വേറൊരു വാക്ക് ഇത്ര ചേരില്ല എന്ന വിധം.
തിരിച്ചെത്തി കഴിഞ്ഞാണ് അതു വായിച്ചു തീർത്തത്. അതിനു ശേഷം അത് അലമാരയിൽ കയറി. അങ്ങനെ കുറെ നാൾ കഴിഞ്ഞു ഇളയിടം മാഷ് നടത്തുന്ന അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന മഹാഭാരത പ്രഭാഷണം കേൾക്കാൻ തൃശൂർ പോയി. രണ്ടാമത്തെ ദിവസം കുടുംബ സമേതമാണ് പോയത്. അന്ന് ഈ പുസ്തകം കൈയ്യിലെടുത്തിരിന്നു.
അന്ന് പ്രഭാഷണം കഴിഞ്ഞു സുനിൽ മാഷുമായി സംസാരിച്ചു നിൽക്കെ ആ പുസ്തകം മാഷിന്റെ കൈയ്യിൽ ഏൽപ്പിച്ചു. ഇത് മാഷിന്റെ കൈയ്യിൽ ഇരിക്കേണ്ടതാണ് സജീവ് പറഞ്ഞു നിറുത്തി.
എന്നിട്ടു സജീവ് പറഞ്ഞു, അതിപ്പഴും മാഷിന്റെ വീട്ടിൽ കാണും. മറുപടിയായി കഥ കേട്ടിരുന്ന മീന ടീച്ചർ പറഞ്ഞു, ഉണ്ട്, അത് ഇപ്പഴും വീട്ടിലുണ്ട്! ൻ/ൻ